സൗഹൃദവും പ്രണയവും സൗഹൃദം പ്രണയത്തിലേക്ക് വഴിയൊരുക്കുമോ ? ഈ ചോദ്യം എല്ലാവരും സ്വയം ചിന്തിക്കുന്നതും പരസ്പരം ചോദിക്കുന്നതുമാകാം. ജീവനുള്ള എല്ലാത്തിനും സൗഹൃദവും പ്രണയവും ഉണ്ട്. എല്ലാവർക്കും അറിയുന്ന ബന്ധങ്ങൾ മനുഷ്യർക്കിടയിൽ മാത്രമുള്ളതാണ്. എന്നാൽ മൃഗങ്ങൾ, പക്ഷികൾ, ചെടികൾ മുതൽ വൻ മരങ്ങൾ വരെ നീളുന്നു സൗഹൃദ പരമ്പര. ജീവജാലങ്ങൾക്കിടയിൽ നടക്കുന്ന സ്നേഹബന്ധങ്ങൾ ദൃശ്യമാധ്യമങ്ങളിലുടെയും മറ്റും പലരീതിയിൽ ആസ്വദിക്കുമ്പോൾ മനുഷ്യർക്കിടയിലെ സൗഹൃദങ്ങൾ എല്ലാവർക്കും ഒരേപോലെ ഉൾകൊള്ളാൻ കഴിയുന്നില്ല എന്നതാണ് സത്യം. സാധാരണയായി ഒരു പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ പരസ്പരം സംസാരിച്ചാലോ കണ്ടാലോ അതിനു ശരിയായ അർത്ഥവും തെറ്റായ അർത്ഥവും കാണുന്ന സമൂഹത്തിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. ഇത് ഒരു സമൂഹത്തിന്റെ മാത്രം കാഴ്ചപ്പാടിനെ പറ്റിയാണ് പറഞ്ഞതെങ്കിൽ നല്ല ആൺ പെൺ സൗഹൃദത്തിൽ സുഹൃത്ത് ബന്ധത്തിനുപരി ''അവളില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല അല്ലെങ്കിൽ അവനില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല'' എന്ന ഒരു തോന്നൽ പലസൗഹൃദത്തിലും ഉണ്ടാകാറുണ്ട്. ഈ അവസ്ഥ പലപ്പോഴും ഉണ്ടാകുന്നത് സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. നമ്മുടെ മനസിനെ സ്വാധിനിക്കുന്ന പ്രവർത്തി ഒരാളിൽ നിന്നുണ്ടായാൽ നാം അറിയാതെ ആ വ്യക്തിയോട് കൂടുതൽ അടുക്കാൻ ശ്രമിക്കുന്നു. അവരെ പ്രണയിക്കുന്നു. ഒരുപക്ഷെ ജീവിതപങ്കാളിയാക്കാനും ആഗ്രഹിക്കും. എന്നാൽ എല്ലാ സൗഹൃദങ്ങളിലും ഇതുണ്ടാകണമെന്നില്ല . ജീവിതാവസാനം വരെ നല്ല സുഹൃത്തുക്കളായി കഴിയുന്നവരെയും നമുക്ക് കാണാം. ആരുമില്ലാത്ത ഒരു പെൺകുട്ടിക്ക് ആപത്ത് ഘട്ടത്തിൽ ഒരു ആൺ സഹായത്തിനു വന്നാൽ ആദ്യം ചുറ്റുമുള്ളവർക്ക് ഒന്നും തോന്നില്ല. ഒന്നിൽ തവണ അവളുടെ കാര്യത്തിൽ ഇടപെടുമ്പോൾ അവിടെ തുടങ്ങും അനാവശ്യമായ സംസാരങ്ങൾ. ജീവിതത്തിൽ ഇതുവരെ ആരിൽ നിന്നും കിട്ടാത്ത സംരക്ഷണവും സ്നേഹവും ഒരു സുപ്രഭാതത്തിൽ ഒരാളിൽ നിന്ന് കിട്ടുമ്പോൾ അവിടെ അവൾക്ക് തന്നോടൊപ്പം ഒരാളെങ്കിലും ഉണ്ടെന്ന തോന്നലുണ്ടാവു കയാണ്. അതുവരെ കിട്ടാത്ത സ്നേഹം കിട്ടുമ്പോൾ ആ വ്യക്തിയോടുള്ള സ്നേഹം മറ്റെല്ലാരെക്കാളും കൂടുതലാകും. ആ സ്നേഹം ആത്മാർഥമാണെങ്കി ലും ചുറ്റുമുള്ള സമൂഹം അതിനെ മറ്റൊരർത്ഥത്തിലേക്ക് വഴിതിരിച്ചു വിടുന്നു. നമ്മളുടെ നല്ല സുഹൃത്തുക്കൾ പോലും ആ ബന്ധത്തെ തെറ്റായി ചിത്രീകരിക്കുന്നു. എന്തൊരു വിരോധാഭാസം അല്ലെ! ഒരു പെൺകുട്ടിക്ക് നല്ല ഒരു സുഹൃത്ത് ഉണ്ടെങ്കിൽ (ആൺ, പെൺ ) രക്തബന്ധങ്ങളോടോ പ്രണയിക്കുന്ന പുരുഷനോടോ ഭർത്താവിനോടോ പറയാൻ പറ്റാത്ത ഒരു കാര്യം ആ സുഹൃത്തിനോട് പറഞ്ഞിരിക്കും. ഇതേ അവസ്ഥ പുരുഷന്മാർക്കിടയിലും ഉണ്ടാകാറുണ്ട്. ഇതിനെ ഒരിക്കലും കുറ്റമായി കാണാൻ പറ്റില്ല. നമുക്ക് സങ്കടം വരുമ്പോൾ അല്ലെങ്കിൽ ഒരു പ്രശ്‌നം ഉണ്ടാകുമ്പോൾ അത് കേൾക്കാനും അതിനു ഒരു പരിഹാരം പറഞ്ഞു താരാനും കഴിയുന്നുണ്ടെങ്കിൽ അവിടെ നല്ലൊരു ആത്മബന്ധം ഉടലെടുക്കുകയാണ്. ഇതിനെ മറ്റൊല്ലാവർ അവരുടെ ഇഷ്ടത്തിന് വളച്ചൊടിക്കുമ്പോൾ ബന്ധങ്ങൾക്ക് അറിഞ്ഞോ അറിയാതയോ അകൽച്ച ഉണ്ടാകുന്നു. ഒരു ഭാര്യക്ക് ഭർത്താവിനോടുള്ള സ്നേഹം ആകില്ല അച്ഛനോടും സഹോദരനോടും ഉണ്ടാകുന്നത് ഇതിൽനിന്നു വ്യത്യസ്തമാണ് സുഹൃത്തിനോട് തോന്നുന്ന സ്നേഹം. ഇവിടെ ഒന്നേ പറയാനുള്ളു സ്നേഹബന്ധങ്ങൾ കെട്ടുറപ്പുള്ളതാണ് അതിൽ വിള്ളലുകൾ വീഴ്ത്താതെ നോക്കുക. എല്ലാ ബന്ധങ്ങളും നല്ലതല്ല എന്നാൽ നല്ല ബന്ധങ്ങളും ഉണ്ടെന്നു മനസിലാക്കുക.
ശുഭം
No comments:
Post a Comment