Sunday, 31 December 2017

                                           തിരിഞ്ഞു നോട്ടം... 

                                                         ഏറെ പ്രതീക്ഷകളും ഒട്ടേറെ വെല്ലുകളികളും സന്തോഷങ്ങളും സമ്മാനിച്ച 2017 പടികടന്നു. പുതുവർഷത്തെ ആഘോഷാരവത്തോടെ നാം വരവേൽക്കുമ്പോൾ  നിരവധി സംഭവവികാസങ്ങ ളിലൂടെയാണ് പോയവർഷം കടന്നു പോയതെന്ന് ഓർക്കുക.  ജനുവരിയുടെ ഓർമ കടന്നുപോകുമ്പോൾ  ലോകം ഉറ്റുനോക്കിയ അമേരിക്കൻ തെരഞ്ഞെടുപ്പും ഡ്രോണാൾഡ്‌ ട്രമ്പ് അമേരിക്കൻ പ്രസിഡന്റ്  ചുമതലയുമാണ്ഓർമയിൽ . 2018 ജനുവരി 20 തികയുമ്പോൾ ട്രമ്പ് ഭരണത്തിലേറിയട്ട് ഒരു വർഷം പിന്നിടുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് പാക്കിസ്ഥാൻ വധശിക്ഷക്ക് വിധിച്ച കുൽബൂഷൻ ജാദവിന്റെ വധശിക്ഷ തടഞ്ഞ് ഇന്ത്യയുടെ ശക്തി തെളിയിച്ചതും  ''ഡേര സച്ചാ സൗദ'' യുടെ റാം റഹീം സിങ്ങിനെ തടവുശിക്ഷക്ക് വിധിച്ചതും പോയവർഷമായിരുന്നു. 
                                                        യുവ സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ മൂന്നാർ കയ്യേറ്റത്തെ ചോദ്യം ചെയ്തതിലൂടെ ശ്രദ്ധേയമായപ്പോൾ മലയാള ചലച്ചിത്ര,ടെലിവിഷൻ,നാടക രംഗത്ത് സജീവമായ അഭിനയേത്രി സുരഭി ലക്ഷ്മി മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടി . സച്ചിന്റെ ജീവചരിത്രത്തെ ആസ്പദമാക്കിയുള്ള ''സച്ചിൻ ദി ബില്യൺ ഡ്രീംസ് ''തീയറ്ററുകളിൽ എത്തിയത്  2017 ന്റെ ആദ്യപകുതിയിലാണ് . കൂടാതെ റോഹിൻഗ്യൻ അഭയാർത്ഥി പ്രശ്നങ്ങളും ജറുസലേമിലെ ഇസ്രയേലിന്റെ തലസ്ഥാനമായി ഡൊണാൾഡ് ട്രമ്പ് അംഗീകരിച്ചതും പിന്നിട്ടട്ട്  അധികം കഴിഞ്ഞില്ല. 
                                                   നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്, പദ്മാവതി, സെക്സി ദുർഗ തുടങ്ങിയവക്കെതിരെയുള്ള ശക്തമായ പ്രതിഷേധം കൊണ്ട് സിനിമ മേഖല ആടിയുലഞ്ഞെങ്കി ലും ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ  മികച്ചനടിക്കുള്ള പുരസ്കാരം നേടി മലയാളത്തിന്റെ അഭിമാനനേട്ടമായി  പാർവ്വതി  മാറി . 
                                  രണ്ട് സൂപ്പർ സീരീസ് കിരീടങ്ങൾ നേടി പി വി സിന്ധുവും ഏകദിന ക്രിക്കറ്റിൽ മൂന്ന് ഇരട്ട സെഞ്ച്വറികൾ  നേടുന്ന ആദ്യ താരമായി രോഹിത് ശർമയും 12 ടെസ്റ്  സെഞ്ച്വറികളിലൂടെ ഏറ്റവും കൂടുതൽ ടെസ്റ് സെഞ്ച്വറികൾ നേടിയ  ഇന്ത്യൻ ക്യാപ്റ്റൻ വീരാട് കൊഹ്‍ലിയും, കായികരംഗത്ത് കഴിഞ്ഞ വർഷം 4 സൂപ്പർ സീരീസ് കിരീടവുമായി വ്യക്തിഗത വിഭാഗത്തിൽ  ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി കിഡംബി ശ്രീകാന്തും ഇന്ത്യയുടെ അഭിമാനത്തിളക്കമായി. മിഥാലിരാജു൦ സംഘവും ഇംഗ്ലണ്ടിൽ നടന്ന വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനൽ വരെ എത്തിയത് ഇന്ത്യൻ വനിതാ ക്രിക്കറ്റിന്  പുതിയ മേൽവിലാസം നേടിത്തന്നു. ബേസിൽ തമ്പി ട്വന്റി 20 ക്രിക്കറ്റിൽ ഇടംപിടിച്ചത് മറ്റൊരു പൊൻതൂവൽ ചാർത്തി. അഞ്ചാം ഏഷ്യൻ ചാമ്പ്യൻഷിപ് കിരീടവുമായി മേരികോം ചരിത്രം കുറിച്ചതും ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 17 -)൦ തവണയും ജേതാക്കളായി ഇന്ത്യ ചരിത്രമെഴുതി.
                                          എന്നാൽ ലോകരാജ്യങ്ങളിൽ ഇന്ത്യ എന്ന വികാരം പിന്നീട്  ഉണർത്തിയത് മെഡിക്കൽ വിദ്യാർത്ഥിയായ ഹരിയാനക്കാരിയാണ് . 17 വർഷങ്ങൾക്ക് ശേഷം ഇന്ത്യക്ക് വീണ്ടും ലോകസുന്ദരിപ്പട്ട തിളക്കം മാനുഷി ചില്ലർ സമ്മാനിച്ചു.
                        
              2017- ൽ രാഷ്ട്രീയ മേഖല നിരവധി ഘട്ടങ്ങളിലൂടെ കടന്നു പോയി. രാജ്യത്തെ ഭരണ കക്ഷിയായ ബി.ജെ.പി. നിയമസഭ തിരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും തങ്ങളുടെ ബലം ശക്തിപ്പെടുത്തി ഉത്തർപ്രദേശ് മുതൽ ഗുജറാത്ത് വരെ മോദിതരംഗം സൃഷ്ടിച്ചു. രാംനാഥ് കോവിന്ദ് 14 - )൦ മത് രാഷ്ട്രപതിയായും വെങ്കൈയ്യ് നായിഡു 15 -)൦ മത് ഉപരാഷ്ട്രപതിയായി രാജ്യം തിരഞ്ഞെടുത്തതും രാഹുൽ ഗാന്ധിയെ ദേശിയ അധ്യക്ഷനായി ചുമതലയേറ്റതും ഇതേ വർഷം തന്നെ. കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഒട്ടനവധി സംഭവങ്ങളും ഇതിനിടയിൽ നടന്നു. അശ്ളീല ഫോൺ സംഭാഷണ വിഷയത്തിൽ  എ.കെ.ശശീന്ദ്രനും കായൽ കയ്യേറ്റവിഷയത്തിൽ  തോമസ് ചാണ്ടിയും രാജിവെച്ചു. പാർട്ടിക്കുള്ളിലെ തർക്കത്തെ തുടർന്ന് കെപിസിസി അധ്യക്ഷസ്ഥാനം വി.എം.സുധീരനും രാജിവെച്ചു. ഒപ്പം സോളാർ വിഷയവും കത്തിക്കയറുന്നു. നോട്ട് അസാധു, ജി എസ് ടി എന്നിവ കൊണ്ട് രാജ്യം ശ്രദ്ധേയമാകാനും പോയവർഷത്തിനു കഴിഞ്ഞു. അഖില എന്ന പെൺകുട്ടിയുടെ മതംമാറ്റം  മാധ്യമ ശ്രദ്ധ നേടി സുപ്രിംകോടതി വരെ ചർച്ച ചെയ്തു. 
നാടിനെ നടുക്കിയ നിർഭയ കേസിൽ നാല് പ്രതികൾക്കും ജിഷ കേസിൽ  അമീർ ഉൽ ഇസ്ലാമിനും  വധശിക്ഷ നൽകി വിധിന്യായങ്ങളുടെ വർഷം നടന്നു നീങ്ങി. 

                                                  വർഷാവസാനം കന്യാകുമാരിയിലെ തെക്കൻ കേരളത്തിലും  ഓഖി ചുഴലിക്കാറ്റും കനത്തമഴയും വൻ നാശനഷ്ടവും 100-ൽ പരം ആളുകളുടെ മരണത്തിനു കാരണമായി. ഓഖിയെ തുടർന്ന് 200 ൽ അധികം മൽസ്യ തൊഴിലാളികളെ കാണാതാവുകയും ചെയ്തു. 
                                                കലാ സാമൂഹിക രാഷ്ട്രീയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഓം പുരി, ഇ.ഹമ്മദ്, ഗൗരി ലങ്കേഷ്, വിനോദ് ഖന്ന, അബി, ഐ.വി. ശശി, പുനത്തിൽ കുഞ്ഞബ്ദുള്ള, ശശി കപൂർ തുടങ്ങിയവർ വിടപറഞ്ഞതും വർഷാവസാനത്തോ ടെയായിരുന്നു. 
                   ഒട്ടനവധി ശരി തെറ്റുകളിലൂടെയാണ്  2017 കടന്നു പോയത്. കഴിഞ്ഞവർഷത്തെ പലവിഷയങ്ങളും പുതുവർഷത്തിൽ ചർച്ച ചെയ്യാനും ചെയ്യപ്പെടാനും പോകുന്നു. ഒട്ടനവധി നേട്ടങ്ങൾ ഇനിയും വന്നുചേരുമെന്ന പ്രതീക്ഷയോടെ നിർത്തുന്നു. 
                                                        ശുഭം 

Wednesday, 27 December 2017

                                ഇത്രക്ക് ക്രൂരനോ 

മനുഷ്യർക്കും മൃഗങ്ങൾക്കും നിരവധി വ്യത്യാസങ്ങൾ ഉണ്ടെന്നറിയാം.
എന്നാൽ രണ്ടിനുമുള്ള സാമ്യം  ജീവനുണ്ടെന്നാണ്. ചിലകാര്യങ്ങൾ പറയാതിരിക്കവയ്യ മനുഷ്യർ പരസ്പരം അടിപിടികൂടുകയും കൊല്ലുകയും ചെയ്യുന്നത് പോരാഞ്ഞിട്ടായിരിക്കും ഇപ്പോൾ മൃഗങ്ങളുടെ നേരെ തിരിഞ്ഞിരിക്കുന്നത്. പണത്തിനും  വിനോദത്തിനും മിണ്ടാപ്രാണികളെ വേട്ടയാടുന്ന മനുഷ്യർ എന്നത് ഒരു പുതിയ വാർത്തയല്ലെങ്കിലും മനസിനെ വേദനിപ്പിക്കുന്ന രീതിൽ ചിലർ മൃഗങ്ങളോട് കാണിക്കുന്ന നീച പ്രവർത്തികൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് കാണാനിടയായി. മനുഷ്യൻ മൃഗമായി മാറുകയാണോ അതോ മൃഗത്തേക്കാൾ അധഃപതിക്കുവാനോ എന്ന സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു. മനുഷ്യനെ തീവെച്ചു കൊല്ലാനും വെട്ടിനുറുക്കാനും കഴിയുമെങ്കിൽ പിന്നെയാണോ മൃഗങ്ങളോട് അല്ലെ,  ഒരു കുരങ്ങനെ കെട്ടിത്തൂക്കിയിട്ട്  തലകീഴായി തൂക്കി അടിക്കുന്ന വീഡിയോ ഇപ്പോൾ തന്നെ ലക്ഷങ്ങൾ കണ്ടുകഴിഞ്ഞു.  ആ വീഡിയോയുടെ അടിയിൽ പേരിനുവേണ്ടി ആളുകൾ  കമന്റ് ഇടുമ്പോൾ കണ്ണുനിറയ്ക്കുന്നു. ഇവർക്ക് ഒന്നിറങ്ങി പ്രവർത്തിച്ചുകൂടെ എന്നോരുനിമിഷം തോന്നിപോയി. വീഡിയോയിൽ ആ കുരങ്ങിനെ തല്ലുമ്പോൾ അത് പിടയുന്നത് നോക്കിരസിക്കുന്ന മനുഷ്യ മൃഗങ്ങളെ ആണ് കാണാൻ കഴിയുന്നത്. നിലത്തു കിടത്തി അതിന്റെ കാലുകൾ അടിച്ചോടിച്ചതിനാൽ നീങ്ങാൻ കഴിയാത്ത മിണ്ടാപ്രാണി കരയുന്ന ശബ്ദവും വീഡിയോയിൽ കേൾക്കാം. വന്യമൃഗങ്ങളോട് ചെയ്യുന്ന ക്രൂരത കുറ്റകരമാണെന്നും നിയപരമായി ശിക്ഷിക്കപെടുമെന്നും അറിയാമെങ്കിലും ആരും അതിനു മുതിരാതിരിക്കുന്നില്ല. മൃഗങ്ങളുടെ പല്ലും നഖവും തോലും, മയിൽപീലി, ആനക്കൊമ്പ്  അങ്ങനെ നീളുന്നു പണത്തിനുവേണ്ടിയുള്ള മിണ്ടാപ്രാണികളോടുള്ള ക്രൂരത. എന്നാൽ കുരങ്ങിനെ ഇത്രയും ദേഹോപദ്രവം ചെയ്യുന്നത് എന്തിനാണ് ? ഇതിൽനിന്നു എന്തുനേട്ടമാണ് കിട്ടുന്നത്? എന്തിനാണ് ഈ നരനായാട്ട് ? മിണ്ടാപ്രാണികൾ ആയതുകൊണ്ടു മാത്രം എന്തും ചെയ്യാമെന്ന അഹങ്കാരമാണ് മനുഷ്യനെ മൃഗങ്ങളാക്കുന്നത്. ഇത് അവസാനിപ്പിക്കുക. മൃഗ സമ്പത്ത് നമ്മുടെ ഭൂമിയുടെ സ്വത്താണെന്നു മറക്കരുത് .

Tuesday, 26 December 2017

                               സൗഹൃദവും                                                              പ്രണയവും 
സൗഹൃദം പ്രണയത്തിലേക്ക് വഴിയൊരുക്കുമോ ?  ഈ ചോദ്യം എല്ലാവരും സ്വയം ചിന്തിക്കുന്നതും പരസ്പരം ചോദിക്കുന്നതുമാകാം. ജീവനുള്ള എല്ലാത്തിനും സൗഹൃദവും പ്രണയവും ഉണ്ട്. എല്ലാവർക്കും അറിയുന്ന ബന്ധങ്ങൾ  മനുഷ്യർക്കിടയിൽ  മാത്രമുള്ളതാണ്. എന്നാൽ  മൃഗങ്ങൾ, പക്ഷികൾ, ചെടികൾ  മുതൽ വൻ മരങ്ങൾ വരെ നീളുന്നു സൗഹൃദ പരമ്പര. ജീവജാലങ്ങൾക്കിടയിൽ നടക്കുന്ന സ്നേഹബന്ധങ്ങൾ ദൃശ്യമാധ്യമങ്ങളിലുടെയും മറ്റും പലരീതിയിൽ ആസ്വദിക്കുമ്പോൾ  മനുഷ്യർക്കിടയിലെ സൗഹൃദങ്ങൾ എല്ലാവർക്കും ഒരേപോലെ ഉൾകൊള്ളാൻ കഴിയുന്നില്ല എന്നതാണ് സത്യം. സാധാരണയായി ഒരു പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ പരസ്പരം സംസാരിച്ചാലോ കണ്ടാലോ അതിനു ശരിയായ അർത്ഥവും തെറ്റായ അർത്ഥവും കാണുന്ന സമൂഹത്തിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. ഇത് ഒരു സമൂഹത്തിന്റെ മാത്രം കാഴ്ചപ്പാടിനെ പറ്റിയാണ് പറഞ്ഞതെങ്കിൽ നല്ല ആൺ പെൺ സൗഹൃദത്തിൽ സുഹൃത്ത് ബന്ധത്തിനുപരി ''അവളില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല അല്ലെങ്കിൽ അവനില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല'' എന്ന ഒരു തോന്നൽ പലസൗഹൃദത്തിലും ഉണ്ടാകാറുണ്ട്. ഈ അവസ്ഥ പലപ്പോഴും ഉണ്ടാകുന്നത് സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. നമ്മുടെ മനസിനെ സ്വാധിനിക്കുന്ന പ്രവർത്തി ഒരാളിൽ നിന്നുണ്ടായാൽ നാം അറിയാതെ ആ വ്യക്തിയോട് കൂടുതൽ അടുക്കാൻ  ശ്രമിക്കുന്നു. അവരെ പ്രണയിക്കുന്നു. ഒരുപക്ഷെ ജീവിതപങ്കാളിയാക്കാനും ആഗ്രഹിക്കും. എന്നാൽ എല്ലാ സൗഹൃദങ്ങളിലും ഇതുണ്ടാകണമെന്നില്ല . ജീവിതാവസാനം വരെ നല്ല സുഹൃത്തുക്കളായി കഴിയുന്നവരെയും നമുക്ക് കാണാം. ആരുമില്ലാത്ത ഒരു പെൺകുട്ടിക്ക്  ആപത്ത് ഘട്ടത്തിൽ ഒരു ആൺ സഹായത്തിനു വന്നാൽ ആദ്യം ചുറ്റുമുള്ളവർക്ക് ഒന്നും തോന്നില്ല. ഒന്നിൽ തവണ അവളുടെ കാര്യത്തിൽ ഇടപെടുമ്പോൾ അവിടെ തുടങ്ങും അനാവശ്യമായ സംസാരങ്ങൾ. ജീവിതത്തിൽ ഇതുവരെ ആരിൽ നിന്നും കിട്ടാത്ത സംരക്ഷണവും സ്നേഹവും ഒരു സുപ്രഭാതത്തിൽ ഒരാളിൽ നിന്ന് കിട്ടുമ്പോൾ അവിടെ അവൾക്ക് തന്നോടൊപ്പം ഒരാളെങ്കിലും  ഉണ്ടെന്ന തോന്നലുണ്ടാവു കയാണ്. അതുവരെ കിട്ടാത്ത സ്നേഹം കിട്ടുമ്പോൾ ആ വ്യക്തിയോടുള്ള  സ്നേഹം മറ്റെല്ലാരെക്കാളും കൂടുതലാകും. ആ സ്നേഹം ആത്മാർഥമാണെങ്കി ലും ചുറ്റുമുള്ള സമൂഹം അതിനെ മറ്റൊരർത്ഥത്തിലേക്ക് വഴിതിരിച്ചു വിടുന്നു. നമ്മളുടെ നല്ല സുഹൃത്തുക്കൾ പോലും ആ ബന്ധത്തെ തെറ്റായി ചിത്രീകരിക്കുന്നു. എന്തൊരു വിരോധാഭാസം അല്ലെ! ഒരു പെൺകുട്ടിക്ക് നല്ല ഒരു സുഹൃത്ത് ഉണ്ടെങ്കിൽ (ആൺ, പെൺ ) രക്തബന്ധങ്ങളോടോ പ്രണയിക്കുന്ന പുരുഷനോടോ ഭർത്താവിനോടോ പറയാൻ പറ്റാത്ത ഒരു കാര്യം ആ സുഹൃത്തിനോട് പറഞ്ഞിരിക്കും. ഇതേ അവസ്ഥ പുരുഷന്മാർക്കിടയിലും ഉണ്ടാകാറുണ്ട്. ഇതിനെ ഒരിക്കലും കുറ്റമായി കാണാൻ പറ്റില്ല. നമുക്ക് സങ്കടം വരുമ്പോൾ അല്ലെങ്കിൽ ഒരു പ്രശ്‌നം ഉണ്ടാകുമ്പോൾ അത് കേൾക്കാനും അതിനു ഒരു പരിഹാരം പറഞ്ഞു താരാനും കഴിയുന്നുണ്ടെങ്കിൽ അവിടെ നല്ലൊരു ആത്മബന്ധം ഉടലെടുക്കുകയാണ്.  ഇതിനെ മറ്റൊല്ലാവർ അവരുടെ ഇഷ്ടത്തിന്  വളച്ചൊടിക്കുമ്പോൾ ബന്ധങ്ങൾക്ക് അറിഞ്ഞോ അറിയാതയോ അകൽച്ച ഉണ്ടാകുന്നു. ഒരു ഭാര്യക്ക് ഭർത്താവിനോടുള്ള സ്നേഹം ആകില്ല അച്ഛനോടും സഹോദരനോടും ഉണ്ടാകുന്നത്  ഇതിൽനിന്നു വ്യത്യസ്തമാണ് സുഹൃത്തിനോട് തോന്നുന്ന സ്നേഹം. ഇവിടെ ഒന്നേ പറയാനുള്ളു സ്നേഹബന്ധങ്ങൾ കെട്ടുറപ്പുള്ളതാണ് അതിൽ വിള്ളലുകൾ വീഴ്ത്താതെ നോക്കുക. എല്ലാ ബന്ധങ്ങളും നല്ലതല്ല എന്നാൽ നല്ല ബന്ധങ്ങളും ഉണ്ടെന്നു മനസിലാക്കുക. 

                                                        ശുഭം 

              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...