ശബരിമലയും സ്ത്രീപ്രവേശനവും
ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാം എന്ന സുപ്രിം കോടതി വിധി ലോകത്തിന്റെ പലഭാഗത്തും ഒരേ സ്വരത്തിൽ ആളിക്കത്തുകയും സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു ചർച്ച വിഷയമായി മാറി കഴിയുകയും ചെയ്തു. ജാതി മത ഭേദമന്യേ എല്ലാവരും ദർശനം നടത്തുന്നു എന്നത് മറ്റു ക്ഷേത്രങ്ങളിൽ നിന്ന് ശബരിമലയെ മാറ്റിനിർത്തുന്നത്. എല്ലാമതത്തിനും അതിന്റേതായ പവിത്രത ഉണ്ട്. അതിനാൽ അവ ആചാര അനുഷ്ടാനങ്ങൾക്ക് വലിയ പ്രാധാന്യവും നൽകുന്നു. അതുകൊണ്ട് തന്നെ യുവതി പ്രവേശനം ഒരു ചെറിയ പ്രശ്‌നമായി നമുക്ക് കാണാൻ സാധിക്കില്ല. ശബരിമലയിൽ ആർത്തവ പ്രായമുള്ള സ്ത്രീകൾ കയറാൻ പാടില്ല എന്നത് ആചാരത്തിന്റെ ഭാഗമാണ് .ആർത്തവം പ്രകൃതി നിയമമാണ്. അത് നടക്കുന്നത് കൊണ്ടാണ് പ്രകൃതിയിൽ മാനവ ജാതി നിലനിൽക്കുന്നതും. എന്നാൽ ശബരിമലയിലെ സ്ത്രീ പ്രവേശനം ഭക്തരുടെ വിശ്വാസ പ്രശ്‌നമാണ്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിആയതിനാൽ 10 വയസിനു താഴെയും 50 വയസ്സിനു മുകളിലും പ്രായമുള്ളവർക്ക് മാത്രമേ ശബരിമലയിൽ പ്രവേശനമുള്ളൂ. നാൽപത്തിയൊന്ന് ദിവസത്തെ വ്രതം എടുത്തുവേണം ശബരിമലയിൽ ദർശനം നടത്താൻ . ഇത്രയും ദിവസത്തെ വ്രതം എടുക്കാൻ കഴിയാത്തവണ്ണം ശബരിമല ദർശനം അസാധ്യമാണ്. 41 ദിവസം വരെ ആർത്തവം വരാതെ ഇരിക്കാനുള്ള പല ഉപാധികളും ഇന്നുണ്ട് .എന്നുകരുതി മലചവിട്ടാൻ സാധിക്കില്ല. ഇത് കാലാകാലങ്ങളായി അനുഷ്ടിച്ചു വരുന്ന രീതിയാണ് . എന്നാൽ ''എല്ലാ പുരുഷന്മാരും 41 ദിവസത്തെ വ്രതമെടുത്തണോ മല ചവിട്ടുന്നത് ? വ്രതമെടുക്കാത്ത പുരുഷന്മാർക്ക് പതിനെട്ടാം പടി ചവിട്ടാതെ ക്ഷേത്ര ദർശനം നടത്താമെങ്കിൽ അതെ നിയമങ്ങൾ സ്ത്രീകൾക്കും ബാധകമല്ലേ ?" എന്ന സുപ്രിം കോടതിയുടെ ചോദ്യം ശരി തന്നെ. എന്നാൽ നൂറിൽ 10 %പേർ പൂർണമായും വ്രതം എടുക്കുന്നില്ലെന്നു കരുതി ബാക്കിയുള്ള ഭക്തർ അങ്ങനെയാകണമെന്നില്ല. അതിനാൽ ഇവിടെ ഈ ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല.
കേരളത്തിലെ മറ്റുചില ക്ഷേത്രങ്ങൾക്ക് ശബരിമലയിലേത് പോലുള്ള ചില ആചാരങ്ങൾ കാണാൻ സാധിക്കും. കണ്ണൂരിൽ സ്ഥിതിചെയ്യുന്ന രാജരാജേശ്വരി ക്ഷേത്രത്തിൽ പുരുഷന്മാർക്ക് എപ്പോഴും പ്രവേശനമുണ്ടെങ്കിലും സ്ത്രീകൾക്ക് എല്ലാ സമയത്തും ക്ഷേത്ത്രത്തിനുള്ളിൽ പ്രവേശനമില്ല. അതിനു പ്രത്യേക സമയം നിശ്ചയിച്ചിട്ടുണ്ട് . സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിൽ എല്ലാ വർഷവും സ്ത്രീകൾക്ക് മാത്രം പൊങ്കാലയിടാൻ സൗകര്യം ഒരുക്കുന്നു. അതുപോലെ തന്നെ എടുത്തുപറയേണ്ട മറ്റൊരു ക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ തൃപ്പൂത്താറാട്ട് മറ്റൊരു ക്ഷേത്രത്തിലും കാണാത്ത അപൂർവ ചടങ്ങാണ്. ചെങ്ങന്നൂർ ദേവിയുടെ പ്രതിഷ്ഠ രജസ്വലയാകുന്നു എന്നതാണ് ഇതിലെ പ്രത്യേകത. വർഷത്തിൽ പലതവണ ഭഗവതി രജസ്വലയാകുന്നു. രജസ്വലയായതിന്റെ പാടുകണ്ടാൽ 3 ദിവസത്തേക്ക് പടിഞ്ഞാറേ നടയടക്കുകയും തുടർന്ന് നാലാം നാൾ പമ്പാനദിയിലെ ആറാട്ടിന് ശേഷം പ്രതിഷ്ഠ വീണ്ടും ശ്രീകോവിലിൽ എത്തിക്കുന്നു. ആർത്തവം വന്നു 4 ദിവസം ദേവിയെ ശ്രീകോവിലിൽ നിന്ന് മാറ്റിയിരുത്തുന്നു ഇങ്ങനെയുള്ള ആചാരങ്ങൾ കോർത്തിണക്കിയസംസകരമാണ് നമുക്കുള്ളതെന്ന് ഈ ചടങ്ങുകൾ ചൂണ്ടികാണിക്കുകയാണ്.
സുപ്രിം കോടതി വിധികൾ ഒന്നിന് പുറകെ ഒന്നായി നിരവധി കാര്യങ്ങൾക്ക് വന്നിട്ടുണ്ട് . ശബരിമല ക്ഷേത്രത്തിനു മുൻപേ വിധി പറഞ്ഞ മറ്റൊരു ക്ഷേത്രവും കേരളത്തിൽ സ്ഥിതിചെയ്യുന്നു. അനന്തപുരിയിലെ പദ്മനാഭ സ്വാമി ക്ഷേത്രം. പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾ സാരിയുടുത്തോ അല്ലങ്കിൽ ഒഴികെയുള്ള മറ്റ് വസ്ത്രത്തിനു മുകളിൽ മുണ്ട് ഉടുത്തോ ക്ഷേത്രത്തിൽ ദർശനം നടത്തുക എന്നതാണ് ആചാരം. കുറച്ച് നാളുകൾക്ക് മുൻപ് പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും മേൽ സുപ്രിം കോടതി വിധി കൊണ്ടുവന്നു. സാരിക്ക് പുറമെ ചുരിദാർ മുതലായ ഏതു വാസ്തവും ധരിക്കാമെന്നായിരുന്നു വിധി. എന്നാൽ ആ വിധിയെ മറികടന്നുകൊണ്ട് ഭക്തർ ഇന്നും ക്ഷേത്ര ദർശനം നടത്തുന്നത്. അതിനർത്ഥം വിധിയേക്കാളും പ്രാധാന്യം ഭക്തരുടെ വിശ്വാസങ്ങൾക്കും ആചാരാനുഷ്ടാ നങ്ങൾക്കും ഉണ്ടെന്നാണ്. ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഹിന്ദുമതത്തില്‍ മാത്രമല്ല എല്ലാ മതങ്ങളിലുമുണ്ട്. അത് ഉയര്‍ത്തിപ്പിടിയ്ക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്നുമുണ്ട്.
അതിനാൽ ഒരു സ്ത്രീയെന്നനിലക്ക് എനിക്ക് ഒന്നുമാത്രമേ പറയാനുള്ളു.അമ്മയുടെ വയറ്റിൽ ജനിക്കുന്ന ആൺകുഞ്ഞും പെൺകുഞ്ഞും അച്ഛനും അമ്മയ്ക്കും തുല്യരാണ്. എന്നാൽ മക്കളുടെ വളർച്ച അവർക്കിടയിൽ പല രീതിയിലുള്ള അകലം പാലിക്കപെടുന്നു.അത് സ്നേഹക്കുറവുകൊണ്ടല്ല മറിച്ച് നമ്മുടെ സംസ്കാരമാണ്. പ്രായം പലതിനും തടസമാകും അത് അസ്വതന്ത്ര്യത്തിന്റെയോ അസമത്വത്തിന്റെയോ പ്രശ്നമല്ല. അതുകൊണ്ട് തന്നെ മുൻകാലങ്ങളിൽ പിന്തുടർന്നു വരുന്ന ആചാരങ്ങൾ നമുക്ക് പെട്ടന്ന് തേച്ചുമായിച്ചു കളയാൻ സാധിക്കില്ല.
ഓരോ പ്രായത്തിനും അതിന്റേതായ സാംസ്കാരിക പശ്ചാത്തലമുണ്ട്. അത് പുരോഗമനത്തിന്റെ പേരിൽ ചവിട്ടി മെതിക്കാനുള്ളതല്ല. ശബരിമലയിൽ സ്ത്രീകൾ കയറരുതെന്നു ആരും പറയുന്നില്ല. മറിച്ച് കയറുന്നതിൽ പ്രായപരിമിതികൾ ഉണ്ടെന്നാതാണ് യാതാർഥ്യം.
ഓരോ പ്രായത്തിനും അതിന്റേതായ സാംസ്കാരിക പശ്ചാത്തലമുണ്ട്. അത് പുരോഗമനത്തിന്റെ പേരിൽ ചവിട്ടി മെതിക്കാനുള്ളതല്ല. ശബരിമലയിൽ സ്ത്രീകൾ കയറരുതെന്നു ആരും പറയുന്നില്ല. മറിച്ച് കയറുന്നതിൽ പ്രായപരിമിതികൾ ഉണ്ടെന്നാതാണ് യാതാർഥ്യം.
കേരളത്തിന് തനതായ ഒരു സംസ്കാരമുണ്ട് . അതിൽ വിശ്വാസങ്ങളെയോ ആചാരാനുഷ്‌ഠനങ്ങളെയോ മാറ്റാൻ സാധിക്കില്ല. നീതിന്യായ വ്യവസ്ഥ മാറ്റങ്ങൾ കൊണ്ടുവന്നാലും വിശ്വാസികൾ തങ്ങളുടെ നിലപാടിൽ ഉറച്ചു തന്നെ നിൽക്കും...ഇത് കാലാകാലങ്ങളായി അനുഷ്ടിച്ചു വരുന്ന രീതിയാണ്. ഇതിൽ പെട്ടന്നൊരു മാറ്റം കൊണ്ടുവരാൻ സാധ്യമല്ല.
No comments:
Post a Comment